ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് പണം കണ്ടെത്തിയ സംഭവം: നിർണായക മൊഴിനൽകി അഗ്നിരക്ഷാസേനയും പോലീസും



ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ നിർണായക മൊഴിനൽകി അഗ്നിരക്ഷാസേനയും പോലീസും. വീട്ടിൽ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുൻപാകെ പോലീസും അഗ്നിരക്ഷാസേനയും നൽകിയ മൊഴിയെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. സംഭവത്തെത്തുടർന്ന് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മുൻപ് പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു അഗ്നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞത്.

മാർച്ച് 14-നാണ് വർമയുടെ വസതിയിൽ തീപ്പിടിത്തമുണ്ടായതും പണം കണ്ടെത്തിയ വിവരം പുറത്തായതും. ഡൽഹി പോലീസ് കമ്മിഷണർ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിക്കുമുൻപാകെ മൊഴിനൽകിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകൾ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി പ്രത്യേകം ചോദിച്ചു.
വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തില്ലെന്നും അതിനാൽ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. ജസ്റ്റിസ്‌ വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال