വഖഫ് ബില്‍ ഇന്ത്യാചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍


കൊച്ചി: മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം തിരികെ കിട്ടുന്നതുവരെ ബിജെപി സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളോടൊപ്പം നിലകൊള്ളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്‍ ഇന്ത്യാചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ കിട്ടുമെന്ന ഉറപ്പ് ആ ബില്ലില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം കിട്ടും. ഈ ബില്ലില്‍ അതിന്റെ ഉറപ്പുണ്ട്. അവര്‍ക്ക് റവന്യൂ അവകാശം തിരികെ കിട്ടുന്നതുവരെ മുനമ്പത്തെ ജനങ്ങളോടൊപ്പം ബിജെപിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുനമ്പം സമരം രാജ്യത്തെ ചരിത്രത്തിലെ നാഴികക്കല്ലാകും. മുനമ്പത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനികള്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കകയായിരുന്നു. എന്നാല്‍ ഈ കുഞ്ഞുഗ്രാമത്തിൽ തീര്‍ത്തും സമാധാനപരമായി ജനങ്ങള്‍ നടത്തിയ ഈ സമരത്തിന്റെ അലയൊലികള്‍ ഡല്‍ഹിയിലെത്തുകയും അതൊരു ബില്ലായി മാറുകയും ചെയ്തുവെന്നത് ചരിത്രത്തിലെ നാഴികക്കല്ലാകും. വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
2014 മുതല്‍ ഇന്നുവരെ പ്രധാനമന്ത്രി പറയുന്നത് സബ് കാ സാഥ് സബ്കാ വികാസ് എന്നതാണ് നയം എന്നാണ്. വഖഫ് ബില്‍ ഒരു മതത്തിനും എതിരല്ല. പാവപ്പെട്ട മുസ്ലിം ജനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിന്റെ നടപടികള്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍, സഭയില്‍ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പറഞ്ഞതെല്ലാം നുണകളാണ്. നാണം ഇല്ലാതെ നുണ പറഞ്ഞ് വാദിക്കുന്ന പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാജീവ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال