കാസര്‍കോട്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ മേല്‍പ്പാലം താത്കാലിക സംവാധാനത്തിന്റെ ഭാഗമായി തുറന്നു നല്‍കി. കറന്തക്കാട്ടുനിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഭാഗികമായി തുറന്നുനല്‍കിയത്.
മഞ്ചേശ്വരം ഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡാണ് ശനിയാഴ്ച ഉച്ചയോടെ തുറന്നത്. കാസര്‍കോട് നഗരത്തില്‍ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കായി മേല്‍പ്പാലം തുറന്നു നല്‍കിയത്. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായ് തലപ്പാടി-ചെര്‍ക്കള റീച്ചില്‍ പലയിടത്തും ദേശീയപാത സമാനമായ് താത്കാലികമായി തുറന്ന് നല്‍കിയിരുന്നു.
ദേശീയപാത നവീകരണത്തിന്റെ നിര്‍മാണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഈ വര്‍ഷം ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാണക്കരാറുകാര്‍.
മേല്‍പ്പാലമുയര്‍ന്നത് ഒറ്റത്തൂണുകളില്‍
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലം ഉയര്‍ന്നത് ഒറ്റത്തൂണുകളില്‍. ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്. 27 മീറ്ററാണ് പാലത്തിന്റെ വീതി. കോയമ്പത്തൂര്‍ അവിനാശിയില്‍ സമാന രീതിയിലുള്ള പാലം നിര്‍മിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്. എന്നാല്‍, ഇതിന്റെ വീതി 24 മീറ്ററാണ്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍, ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രം. കറന്തക്കാട് അഗ്‌നിരക്ഷാ സേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോ മീറ്റര്‍ നീ ളത്തിലാണ് പാലം വരുന്നത്. 30 തൂണുകളാണുള്ളത്.