ഹെല്‍സിങ്കി: പ്രമുഖ യുക്തിവാദി നേതാവും 'റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍' സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ. വിസ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനല്‍ ഇടമറുക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമറുകിനെ പോളണ്ടില്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു വിസ തട്ടിപ്പ് കേസിലാണ് 2020 ൽ സനൽ ഇടമറുകിനെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്.
Also Read: ഫിൻലൻഡിൽ പള്ളി ഒരു സാമൂഹിക സ്ഥാപനമാണ്, സംസ്‌കാരം നടത്തലാണ് പ്രധാന പണി- സനൽ ഇടമറുക്
ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത മതനിന്ദ കേസുകളിലും പ്രതിയാണ് സനല്‍ ഇടമറുക്. 2012-ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു. റെഡ്‌കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പോളണ്ടില്‍വെച്ച് സനല്‍ ഇടമറുകിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തതെന്നും ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2012-ല്‍ മുംബൈ വിലെ പാര്‍ലെയിലെ കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ പ്രതിമയില്‍നിന്ന് വെള്ളം ഇറ്റുവീഴുന്നതായുള്ള പ്രചരണത്തിനു പിന്നാലെയാണ് സനല്‍ ഇടമറുകിനെതിരേ കേസുകള്‍ വന്നത്. ക്രിസ്തുവിന്റെ പ്രതിമയില്‍നിന്നുള്ള വെള്ളം മലിനജലമാണെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം സനല്‍ ഇടമറുക് ആരോപിച്ചു. ഇതോടെ വിശ്വാസികള്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. വിവിധയിടങ്ങളിലായി മതനിന്ദ ആരോപിച്ച് അദ്ദേഹത്തിനെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. കത്തോലിക്ക സഭയ്‌ക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്നുമാസത്തോളം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞശേഷമാണ് സനല്‍ ഇടമറുക് ഫിന്‍ലഡിലേക്ക് കടന്നത്. പിന്നീട് ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.