ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു എടുത്ത് പറഞ്ഞത്. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അങ്ങനെത്തന്നെ തുടരണം. വഖഫ് സമിതിയിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ നാമനിർദേശം ചെയ്യുന്നവർ എല്ലാവരും മുസ്ലിം വിഭാഗക്കാർ തന്നെ ആകണം. തുടങ്ങിയ കാര്യങ്ങളായിരുന്നു സുപ്രീം കോടതി ഹർജികൾ പരിഗണിക്കവെ എടുത്ത് പറഞ്ഞത്. അതേസമയം കേസിൽ വാദം കേൾക്കൽ നാളെയും തുടരും.
വഖഫ് സ്വത്തിൽ കളക്ടർക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അല്ലാതാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിലൂടെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സുപ്രീം കോടതി എടുത്ത് പറഞ്ഞു.
രണ്ടു മണിക്കൂർ നീണ്ട വിശദമായ വാദം കേൾക്കലായിരുന്നു നടന്നത്. ക്ഷേത്ര ബോർഡുകളിലും മറ്റും ഇതര മതസ്ഥരുണ്ടോ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്തയോട് സുപ്രീം കോടതി എടുത്ത് ചോദിച്ചു. നിയമം മൂലം രൂപീകൃതമായ ക്ഷേത്ര ബോർഡുകളുടെ മേൽനോട്ടത്തിന് ഇതര മതസ്ഥരും ഉണ്ടാകുമെന്ന് തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കൃത്യമായ ഉത്തരം നൽകാൻ തുഷാർ മേത്ത തയ്യാറായില്ല. ഇതല്ല ഇപ്പോഴത്തെ പരിഗണനാ വിഷയം, അതിനെക്കുറിച്ച് തനിക്ക് കൂടുതൽ പറയാനില്ല എന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞത്.
വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിലും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.
വഖഫ് നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റേതുൾപ്പെടെ 73 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുൻപാണ്, തങ്ങൾക്ക് കുറച്ചു കാര്യം കൂടി ബോധിപ്പിക്കാനുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് വാദം കേൾക്കൽ നാളത്തേക്ക് നീട്ടിവെക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീണ്ടും വാദം കേൾക്കൽ തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വീണ്ടും വാദം കേൾക്കും. തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.