അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പകരം തീരുവ പ്രഖ്യാപിചതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കും 34% തീരുവയാണ് അമേരിക്ക ചുമത്തിയത്. നിലവിലുള്ള തീരുവയ്ക്ക് പുറമേയായിരിക്കും 34% പുതിയ തീരുവ.
നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ട്രംപിൻ്റെ തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും പകരം തീരുവയിൽ നിന്നും അമേരിക്ക പിന്നോട്ട് പോയില്ലെങ്കിൽ ചൈനയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണിത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്ക പകരം തീരുവ ഏർപ്പെടുത്തിയത്.ഇന്ത്യയ്ക്ക് മേൽ 26% തീരുവ ആണ് ചുമത്തിയിരിക്കുന്നത്. വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നത്.
ഇന്ത്യ- 26%, ചൈന-34%, യൂറോപ്യൻ യൂണിയൻ- 20%, വിയറ്റ്നാം- 46, ജപ്പാൻ- 24%, തായ്‌വാൻ- 46%, പാകിസ്ഥാൻ-58%, ദക്ഷിണ കൊറിയ-25%, തായ്ലൻഡ്- 36%, കമ്പോഡിയ-49%, സ്വിറ്റ്സർലൻഡ് -31% എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. 10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരുന്നത്.
വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ആയിരുന്നു പകരം തീരുവ പ്രഖ്യാപനം.പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.