ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലുള്ള വസതിയിൽ ഞായറാഴ്ച വൈകീട്ടോടെയാണ് രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു. ബിഹാറിലെ ചമ്പാരൻ സ്വദേശിയാണ്.
മൂന്നുനിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഞായറാഴ്ച വൈകീട്ട് പല്ലവി തന്റെ സുഹൃത്തായ സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് വീഡിയോകോൾ ചെയ്ത്, ‘ആ പിശാചിനെ താൻ കൊന്നു’വെന്ന് പറഞ്ഞതായി പോലീസുദ്യോഗസ്ഥർ അറിയിച്ചു. ഈ വീഡിയോകോൾ ദൃശ്യം സാമൂഹികമാധ്യമ ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെയ്ന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതൽ വിരമിക്കുന്നതുവരെ രണ്ടുവർഷമാണ് ഡിജിപിയായി സേവനമനുഷ്ഠിച്ചത്. കർണാടകയിലെ ശിവമോഗ, ഉത്തര കന്നഡ, ചിക്കമഗളൂരു എന്നിവയുൾപ്പെടെ ജില്ലകളിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. ഡിഐജി (അഡ്മിനിസ്‌ട്രേഷൻ), ഡിഐജി (നോർത്തേൺ റേഞ്ച്), എഡിജിപി (ക്രൈം ആൻഡ് ടെക്‌നിക്കൽ സർവീസസ്), എഡിജിപി (ഗ്രീവൻസസ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്) തുടങ്ങിയ പ്രധാന പദവികളും വഹിച്ചിരുന്നു.