ന്യൂഡല്‍ഹി: വഖഫ് ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാംഗവുമായ കങ്കണ റണൗട്ട്. നരേന്ദ്രമോദി കാരണമാണ് ഇങ്ങനെയൊരു ദിവസത്തിന് സാക്ഷിയാവാന്‍ ഭാഗ്യമുണ്ടായതെന്ന് കങ്കണ അഭിപ്രായപ്പെട്ടു. വഖഫ് നിയന്ത്രിക്കപ്പെടുന്നതില്‍ രാജ്യം മുഴുവനും ഇപ്പോള്‍ സന്തോഷിക്കുന്നുവെന്നും അവര്‍ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.
'അത്രയും ഭാഗ്യമുള്ളൊരു ദിവസത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞു. ഇപ്പോള്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍, അതിനെ നിയമപരമായി ചോദ്യംചെയ്യാം. കശ്മീരിലോ അരുണാചലിലോ ഹിമാചലിലോ ആയിക്കോട്ടെ, മുമ്പ് എന്തായിരുന്നു അവസ്ഥയെന്ന് നിങ്ങള്‍ക്ക് അറിയാം. ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷവകുപ്പ് മന്ത്രിയും ബില്ലിനെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട്. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ബില്‍ അടിവരയിടുന്നത്', കങ്കണ റണൗട്ട് പറഞ്ഞു.
'ഒരു വ്യക്തിയും സംഘടനയും മതസംഘടനയും നിയമത്തേക്കാള്‍ വലുതല്ല. അവര്‍ നിയമത്തിനോ ഭരണഘടനയ്‌ക്കോ അതീതരല്ല. ചിതലുകള്‍ പോലെ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന അഴിമതി ഇപ്പോള്‍ അവസാനിച്ചു എന്നത് ഭാഗ്യമാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്‍ ലോക്‌സഭ കടന്നു. 232-നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 23പേർ ഹാജരായില്ല. 14 മണിക്കൂറിലേറെ ചർച്ച നീണ്ടു. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ നടന്ന തീപാറിയ വാക്‌യുദ്ധത്തിനുശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ബിൽ പാസാക്കിയത്.