പൂനെ: പണം കെട്ടിവയ്ക്കാതെ പ്രസവം എടുക്കില്ലെന്ന് ഡോക്ടറുടെ നിലപാടിൽ പൂർണഗർഭിണിക്ക് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരുന്ന യുവതിയാണ് രക്തസ്രാവത്തേ തുടർന്ന് മരിച്ചത്. സംഭവത്തിൽ മഹാരാഷ്ട്രയിലെ പൂനെയിലെ ദീനാനാഥ് മംഗേഷ്കർ ആശുപത്രിയിലെ പുരുഷ ഗൈനക്കോളജിസ്റ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ്. തനിഷ്ക ഭിസേ എന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് ഡോ. സുഷ്റുത്ത് ഖൈസാസിനെതിരെ പൊലീസ് കേസെടുത്തത്.
യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച ശേഷമായിരുന്നു. ഇരട്ട പെൺകുട്ടികൾക്കാണ് യുവതി ജന്മം നൽകിയതെങ്കിലും രക്തസ്രാവം നിലയ്ക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പണം അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.