വ്യാജഡോക്ടർ നടത്തിയ കോസ്മെറ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. കൊളംബിയൻ സ്വദേശി മറിയ പെനലോസ കാബ്രേര(31) ആണ് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് മരിച്ചതായി അധികൃതർ അറിയിച്ചത്. ഫെലിപ്പ് ഹോയോസ്-ഫോറോണ്ട(38)യാണ് സ്വന്തം വീട്ടിൽവെച്ച് സർജറി നടത്തിയത്.
കഴിഞ്ഞ മാർച്ച് 28-നായിരുന്നു കാബ്രേരയുടെ സർജറി. ബട്ട് ലിഫ്റ്റ് ഇംപ്ലാന്റ് നീക്കം ചെയ്യാനുള്ള പ്രക്രിയക്കിടെ കാബ്രേരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡോക്ടർ നൽകിയ ലിഡോകെയ്ൻ(lidocaine) ഇഞ്ചെക്ഷൻ ആണ് വില്ലനായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് കാബ്രേര ഇയാളുടെ അടുത്ത് ചികിത്സയ്ക്ക് പോയതെന്ന് യുവതിയുടെ സഹോദരിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർജറിയിലെ പിഴവ് കാരണം സഹോദരിയെ ആംബുലൻസിൽ കൊണ്ടുപോയതായി അറിഞ്ഞിരുന്നു. എന്നാൽ, മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കൊളംബിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാജഡോക്ടർ ഹോയോസ്-ഫോറോണ്ടയെ അധികൃതർ അറസ്റ്റ് ചെയ്തു. ആക്രമണം, അനധികൃതമായി തൊഴിൽ പരിശീലനം എന്നിവ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.