കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവം: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാൻസ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും പരീക്ഷയെഴുതി ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി. നാലാം സെമസ്റ്റർ ഫലം കൂടി ഇനി പ്രഖ്യാപിക്കാനുണ്ട്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തിയ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 

സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കടുത്ത നടപടിക്കാണ് അന്വേഷണ സമിതിയുടെ നിർദ്ദേശം. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ പൂജപ്പുര ഐസിഎമ്മിലെ അധ്യാപകൻ പ്രമോദിനെ പിരിച്ചുവിടാനാണ് ശുപാർശ. കോളേജിലെ ഗസ്റ്റ് അധ്യാപകനാണ് പ്രമോദ്. പാലക്കാടേക്ക് ബൈക്കിൽ ഉത്തരക്കടലാസുകൾ കൊണ്ടുപോയതിൽ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. പിരിച്ചുവിടുന്നതിൽ അന്തിമ തീരുമാനം വിസിയുടേതായിരിക്കും. പരീക്ഷ വീണ്ടും നടത്തുന്നതിന് ചെലവായ തുക പൂജപ്പുര ഐസിഎമ്മിൽ നിന്ന് ഈടാക്കും. അധ്യാപകന്റെ നിയമനത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇത് കൂടി കണക്കിലെടുത്താണ് സ്ഥാപനത്തിനെതിരായ നടപടി.




Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال