പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച ഗർഭിണിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഏഴ് മാസം ഗർഭിണിയായ തനിഷ ഭിസെയാണ് മരിച്ചത്. ചികിത്സക്കായി ആശുപത്രി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ 3 ലക്ഷം രൂപ ഏർപ്പാട് ചെയ്‌തെങ്കിലും ബില്ലിംഗ് വകുപ്പ് പണം സ്വീകരിക്കാൻ തയ്യാറായില്ല. മുഴുവൻ തുകയും അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, തനിഷയുടെ രക്തസമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. ആശുപത്രി അധികൃതരുടെ കച്ചവട മനോഭാവവും അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ദീനനാഥ് മങ്കേഷ്കർ ആശുപത്രി പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന്, ഭിസെയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയാണ് തനിഷ ഭിസെ മരിച്ചത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കേസ് ഔപചാരികമായി അന്വേഷിക്കാൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. പൂനെയിലെ ജോയിന്റ് കമ്മീഷണർ ഓഫ് ചാരിറ്റിയായിരിക്കും അന്വേഷണ സമിതിയുടെ തലവൻ. ഡെപ്യൂട്ടി സെക്രട്ടറി യമുന ജാദവ്, ഡെപ്യൂട്ടി ഹെഡ് ഓഫ് സെൽ പ്രതിനിധി, മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചാരിറ്റി ഹോസ്പിറ്റൽ ഹെൽപ്പ് സെല്ലിലെ സെൽ ഓഫീസർ, മുംബൈയിലെ സർ ജെജെ സൂപ്രണ്ട് ഓഫ് ഹോസ്പിറ്റൽ ഗ്രൂപ്പ് എന്നിവർ ഈ സമിതിയിൽ അംഗങ്ങളായിരിക്കും. അതെ സമയം ദീനനാഥ് മങ്കേഷ്കർ ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു.