പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ ഗവിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി കാട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ തിരികെയെത്തിച്ചു. കൊല്ലം ചടയമംഗലത്തുനിന്ന് പുറപ്പെട്ട 38 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് യാത്രാമധ്യേ വനത്തിൽ കുടുങ്ങിയത്. ബസ് ബ്രേക്ക് ഡൗണായതിനെത്തുടർന്ന് മണിക്കൂറുകളോളമാണ് ഇവർ കുടുങ്ങിക്കിടന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വഴിയായിരുന്നു ഇവരുടെ യാത്ര. ഇവരെ തിരികെയെത്തിക്കാൻ അയച്ച ബസും പകുതി വഴിയിൽ വെച്ച് പണിമുടക്കുകയായിരുന്നു.
രാവിലെ ആറ് മണിക്ക് ചടയമംഗലത്ത് നിന്നും പുറപ്പെടുകയും ഗവി അടക്കമുള്ള വിനോദസഞ്ചാര മേഖലകൾ സന്ദർശിച്ച് രാത്രി പത്തുമണിയോടെ തിരികെയെത്തും എന്ന ഉറപ്പിലായിരുന്നു സഞ്ചാരികൾ രാവിലെ പുറപ്പെട്ടത്. എന്നാൽ ബസ് ഉൾവനത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രേക്ക് ഡൗണാവുകയായിരുന്നു.
വളരെ പ്രതീക്ഷയോടെയായിരുന്നു യാത്ര ബുക്ക് ചെയ്യത്. വണ്ടിയുടെ തകരാർ മൂലം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ല. സങ്കടകരമായ അവസ്ഥയായിരുന്നു. കാടിന് നടുക്കായിരുന്നു വണ്ടി നിന്നത്. പകരം വണ്ടി വന്നിരുന്നു. എന്നാൽ അതും തകരാറിലായിരുന്നു. പിന്നെ നാല് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വീണ്ടും വേറെ വണ്ടിയെത്തി ഇപ്പോൾ തിരികെ എത്തിയത്- യാത്രക്കാർ പറയുന്നു. രണ്ടാമത് എത്തിച്ച വാഹനം നൂറുമീറ്ററോളം ദൂരം പിന്നിട്ടപ്പോൾ തന്നെ അതും തകരാറിലാവുകയായിരുന്നു.