റിയാദ്: വംശഭീഷണി നേരിടുന്ന അറേബ്യൻ സാൻഡ് ഗസലുകൾ എന്ന അപൂർവയിനം മാനുകൾ ബുറൈദ മരുഭൂമിയിൽ പിറന്നതായി നാഷനൽ വൈൽഡ് ലൈഫ് സെൻറർ പ്രഖ്യാപിച്ചു. ഒരിനം മാനുകളുടെ വംശത്തിൽ പെടുന്ന അപൂർവമായി മാത്രം കാണുന്ന ഗസലുകളുടെ അഞ്ചു കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം പിറന്നത്. ഇവകളുടെ ജനനം നാഷനൽ സെൻറർ ഫോർ വൈൽഡ്‌ലൈഫ് (എൻ.സി.ഡബ്യു)വിെൻറ പ്രജനന, പുനരധിവാസ പരിപാടികളുടെ വിജയം കൂടിയായി വിലയിരുത്തുന്നു.
വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും രാജ്യത്ത് പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അതിെൻറ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ ഈ പാരിസ്ഥിതിക നേട്ടം പ്രതിഫലിപ്പിക്കുന്നു. സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, നാഷനൽ എൻവയോൺമെൻറ് സ്ട്രാറ്റജി എന്നിവയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്ത് വന്യജീവികളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ ഫലം കാണുന്നതായി അധികൃതർ വെളിപ്പെടുത്തി.