ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്


ദില്ലി: ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. നവംബറിൽ വിരമിക്കുന്നതിനാൽ ജസ്റ്റിസ് ഗവായ് ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും. 2007 ൽ ചീഫ് ജസ്റ്റിസായിരുന്ന കെ ജി. ബാലകൃഷ്ണന് ശേഷം രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ഗവായ്.

മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ഗവായ് 1985 ലാണ് ബാർ കൗൺസിലിൽ ചേർന്നത്. മുൻ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാരിസ്റ്റർ രാജ ഭോൺസാലെയോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. ശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലായിരുന്നു പ്രാക്ടീസ്. 1992 ഓഗസ്റ്റിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2000 ൽ നാഗ്പൂർ ബെഞ്ചിന്റെ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. ജസ്റ്റിസ് ഗവായ് 2003 ൽ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2005 ൽ സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ, ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്. 2016 ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധി എന്നിവ ഇതിൽ ഉൾപ്പെടും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال