കൊഴിഞ്ഞാമ്പാറ (പാലക്കാട്): പോലീസുകാരെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സി. നിധീഷ്(38), അത്തിക്കോട് ചെറിയനടുക്കളം വി. അജീഷ് (36), കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ സി. ദീപക് (29) എന്നിവരെയാണ് കോടതി റിമാന്‍ഡ്‌ചെയ്തത്.
ഞായറാഴ്ച രാത്രി കൊഴിഞ്ഞാമ്പാറ വിദേശമദ്യഷാപ്പിന് സമീപത്ത് ബഹളം നടക്കുന്നെന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലീസിന്റെ ബൈക്ക് പെട്രോളിങ് സംഘം സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതികള്‍ പോലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.
കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്. അക്രമത്തില്‍ പരിക്കേറ്റ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എച്ച്. ഷിയാവുദ്ദീന്‍, സി. രവിഷ് എന്നിവര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചിറ്റൂര്‍ കോടതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.