കുവൈറ്റില്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി അധികൃതര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന ജലീബ് അല്‍ ശുയൂഖ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് നേരിട്ട് സുരക്ഷാ പരിശോധനക്ക് നേതൃത്വം നല്‍കി. പ്രദേശത്ത് ഇന്നലെ ആരംഭിച്ച വ്യാപകമായ സുരക്ഷാ പരിശോധനകള്‍ക്ക് മന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുകയായിരുന്നു.
അനധികൃത വാണിജ്യ സ്ഥാപനങ്ങള്‍, താമസക്കാര്‍ക്ക് അപകടം സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍, ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങള്‍, ഗോഡൗണുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പ്രധാനമായും പരിശോധന നടന്നത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 89 അനധികൃത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും നിരവധി ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പരിശോധനയുടെ ഭാഗമായി നിയമലംഘനം ചെയ്തതായി കണ്ടെത്തിയ 40 കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
താമസം, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 117 പേരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം. ഇത്തരം ലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പരിശോധനയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി .