കോട്ടയത്ത് അക്രമിസംഘത്തിൻ്റെ അഴിഞ്ഞാട്ടം: ഒരാള്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ തലയടിച്ചുപൊട്ടിച്ചു



കോട്ടയം: തൃക്കൊടിത്താനത്ത് അഴിഞ്ഞാടിയ അക്രമിസംഘം തീവണ്ടിയിലെത്തി കോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടിടത്തായി നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ തലയടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനത്തെ ബാറില്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തിയശേഷം മറ്റ് മൂന്നുപേരെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട പ്രതികളാണ്, കോട്ടയത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി യാത്രക്കാരനെ ബിയര്‍കുപ്പിക്കടിച്ച് തല പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ തൃക്കൊടിത്താനം പോലീസും, കോട്ടയം റെയില്‍വേ പോലീസുംചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നായി അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.

ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അമീന്‍ (23), കുറിച്ചി മന്ദിരം തകിടിപ്പറമ്പില്‍ സിയാദ് ഷാജി (32), എന്നിവരെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൊടിത്താനത്തെ ബാറിലാണ് ഒന്‍പതംഗസംഘം ആക്രമണം നടത്തിയത്. യുവാവിനെ കുത്തിയശേഷം ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ ചങ്ങനാശ്ശേരിയിലെത്തി മലബാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടുകയായിരുന്നു.
രാത്രി പത്തരയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കയറാന്‍ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശി അയ്യപ്പന്‍ പൊക്കോട്ട് പി. വിനു (41)വിനെ ആക്രമിച്ച് ബിയര്‍കുപ്പികൊണ്ട് തലയടിച്ച് പൊട്ടിക്കുകയായായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ യുവാവ് വീട്ടിലേക്ക് പോകുകയായിരുന്നു. തീവണ്ടിയുടെ വാതിലിലിരുന്ന പ്രതികളോട് മാറാനാവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പിക്കടിയേറ്റ യുവാവിന്റെ തലയില്‍ ഏഴ് തുന്നിക്കെട്ടിടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
നേരത്തെ തൃക്കൊടിത്താനത്തെ ബാറിലാണ് പ്രതികള്‍ ആദ്യം ആക്രമണം നടത്തിയത്. മദ്യപിക്കാനെത്തിയ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതികള്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തുകയായിരുന്നു. പായിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന മോനിപ്പള്ളി സ്വദേശി ജോമോനാണ് (27) കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷിജു (32), ഷെമീര്‍(36) എന്നിവര്‍ക്ക് ഹെല്‍മെറ്റിനുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട് മുന്തിരിക്കവല കാഞ്ഞിരത്തില്‍ സാജു ജോജോ (30), തൃക്കൊടിത്താനം കടമാന്‍ചിറ ചക്കാലയില്‍ ടോണ്‍സണ്‍ ആന്റണി (25), തെങ്ങണ വട്ടച്ചാല്‍പടി പുതുപ്പറമ്പില്‍ കെവിന്‍ (26), ഫാത്തിമാപുരം നാലുപാറയില്‍ ഷിബിന്‍ (25), തൃക്കൊടിത്താനം മാലൂര്‍ക്കാവ് അമ്പാട്ട് ബിബിന്‍ വര്‍ഗീസ് (37), എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റുചെയ്തത്.
ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി.ജോസഫ്, സിപിഒമാരായ ജോണ്‍സണ്‍, ജോബിന്‍ എന്നിവരാണ് കോട്ടയത്ത് രണ്ട് പ്രതികളെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്തല്‍ അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال