അരൂര്‍ (ആലപ്പുഴ): വിഷുദിനത്തില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണം മോഷണം പോയ കേസ് അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങള്‍. ഓരോ സംഘത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ സഹ പൂജാരി കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയെ (40) കണ്ടെത്താനായിട്ടില്ല.
വിഷുദിനത്തിലാണ് ക്ഷേത്രത്തില്‍നിന്ന് 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ കാണാതായത്. പിന്നാലെ ക്ഷേത്രത്തിലെ സഹ പൂജാരിയെയും കാണാതായി. ഇയാളെ ഇവിടെ എത്തിച്ച മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പൂജകള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന രാമചന്ദ്രന്‍ പോറ്റിയെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഇതിനായാണ് മൂന്നംഗ സംഘം രൂപവത്കരിച്ചത്. മോഷണശേഷം ക്ഷേത്രത്തില്‍നിന്ന് കണ്ടെത്തിയ മൂന്നര പവന്റെ മാല മുക്കുപണ്ടമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞതാണ് അരൂര്‍ പോലീസിനെ അലട്ടുന്ന മറ്റൊരു തലവേദന.