കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായി നടി വിൻ സി. അലോഷ്യസ്‍ ഫിലിം ചേംബറിന് നൽകിയ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. ലഹരി ഉപയോഗിച്ചപ്പോൾ ഷൈൻ ടോം ചാക്കോയുടെ കണ്ണുകൾ തടിച്ചുവന്നുവെന്നും തുടർന്ന് ചിത്രീകരണം മുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ഷൈൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിലുണ്ട്.
കഴിഞ്ഞദിവസം രാത്രി പത്തരയ്ക്കാണ് വിൻ സി ഫിലിം ചേംബറിന് പരാതി നൽകിയത്. വീടിനടുത്ത് തന്നെയായിരുന്നു സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. അതുകൊണ്ടുതന്നെ ദിവസേന സെറ്റിലേക്കും തിരിച്ചും വന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് ലൈംഗികച്ചുവയോടെയുള്ള സംസാരമുൾപ്പെടെ തനിക്ക് നേരിടേണ്ടിവന്നതെന്ന് വിൻ സി പരാതിയിൽ പറഞ്ഞു. വസ്ത്രം മാറാൻ റൂമിലേക്ക് പോകുമ്പോൾ താൻ വന്ന് ശരിയാക്കിത്തരാമെന്ന് ഷൈൻ പറഞ്ഞെന്ന് പരാതിയിൽ നടി പറയുന്നുണ്ട്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ലഹരി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാൻ ഇത് കാരണമാവുകയും ചെയ്തു. തനിക്കുമാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും ഷൈനിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും വിൻ സിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഇനി ലഹരി ഉപയോഗിക്കില്ല എന്ന തീരുമാനമെടുത്താൽ മാത്രം ഇത്തരത്തിലുള്ളവർക്ക് സിനിമയിൽ അവസരം നൽകിയാൽ മതിയെന്ന അപേക്ഷകൂടി വിൻ സി മുന്നോട്ടുവെച്ചു. അതേസമയം വിൻ സിയുടെ പരാതി പരിശോധിക്കാൻ താരസംഘടന അമ്മ മൂന്നംഗ സമിതി രൂപവത്കരിച്ചു. അൻസിബ, സരയു, വിനു മോഹൻ എന്നിവരാണ് സമിതിയംഗങ്ങൾ. ഷൈനിൽനിന്ന് സമിതി വിശദീകരണം തേടും.