തടവുകാര്‍ക്കുവേണ്ടി 'സെക്‌സ് റൂം' തുറന്ന് ഇറ്റലി


റോം: തടവുകാര്‍ക്കുവേണ്ടി ഇറ്റലിയില്‍ 'സെക്‌സ് റൂം' തുറന്നു. അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തന്റെ പങ്കാളിയുമായി സമയം ചെലവിടാന്‍ അനുമതി നല്‍കിയാണ് വെള്ളിയാഴ്ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്. തങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന പങ്കാളികളുമായി അടുത്തിടപഴകുന്നതിന് തടവില്‍ കഴിയുന്നവര്‍ക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കില്‍ അനുവദിക്കാവുന്നതാണെന്നുമുള്ള കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ടിന്റെ വിധിയെ തുടര്‍ന്നാണ് ചില തടവുപുള്ളികള്‍ക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചത്.

എല്ലാം കോടതി നിര്‍ദേശപ്രകാരം നടന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ കൂടുതല്‍ വിവരം പങ്കുവെക്കാന്‍ നിര്‍വാഹമില്ലെന്നും അമ്പ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാന്‍ ജ്യൂസെപ്പേ കഫോറിയോ വാര്‍ത്താമാധ്യമമായ എഎന്‍എസ്എയോട് പ്രതികരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളികളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതപങ്കാളികളുമായോ ദീര്‍ഘകാലത്തെ പങ്കാളികളുമായോ ഉള്ള 'സ്വകാര്യ കൂടിക്കാഴ്ച'യ്ക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് അവകാശമുണ്ടെന്ന് 2024 ലാണ് കോടതി വിധി പ്രസ്താവിച്ചത്. ജയിലിലെ സുരക്ഷാജീവനക്കാരുടെ നിരീക്ഷണമില്ലാതെയുള്ള കൂടിക്കാഴ്ച അനുവദിക്കണമെന്നായിരുന്നു വിധി. യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനോടകം ഇക്കാര്യം അനുവദിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ തടവുകാര്‍ക്ക് പങ്കാളികളുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അനുമതിയുണ്ട്.
കിടക്കയും ടോയ്‌ലെറ്റുമുള്ള ഒരു മുറിയില്‍ രണ്ട് മണിക്കൂര്‍ നേരം തങ്ങളുടെ പങ്കാളിയുമായി ഒരുമിച്ചു കഴിയാനുള്ള സൗകര്യം തടവുകാര്‍ക്ക് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിയമമന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ആവശ്യമെങ്കില്‍ സുരക്ഷാജീവനക്കാര്‍ക്ക് മുറിക്കുള്ളില്‍ പ്രവേശിക്കുന്നതിനായി മുറിയുടെ വാതില്‍ പൂട്ടരുതെന്ന പ്രത്യേക നിര്‍ദേശവും ഇവയില്‍ ഉള്‍പ്പെടുന്നു.
യൂറോപ്പില്‍ തടവുകാരുടെ നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കൂടാതെ ജയിലുകളിലെ ആത്മഹത്യാനിരക്കും ഇറ്റലിയില്‍ ഈയിടെ വര്‍ധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 62,000ലധികം തടവുകാര്‍ ഇറ്റലിയിലുണ്ട്. രാജ്യത്തെ ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ 21 ശതമാനം അധികമാണ് തടവുകാരുടെ എണ്ണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال