പൊതുവിദ്യാലയങ്ങളിലെ മികവ്‌ അളക്കാൻ സർവേയുമായി അധികൃതർ


കോഴിക്കോട്: നാഷണൽ അച്ചീവ്‌മെന്റ് സർവേയുടെ (നാസ്) മാതൃകയിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സർവേ നടപ്പാക്കുന്നു. അടുത്ത അധ്യയനവർഷത്തിൽ മൂന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് അച്ചീവ്‌മെന്റ് സർവേ (സാസ്) നടത്തുക. ദേശീയതലത്തിൽ നടക്കുന്ന മത്സരപ്പരീക്ഷകളിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പിന്നിലാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേ.

ജൂൺമുതൽ ഡിസംബർവരെയുള്ള കാലയളവിൽ എല്ലാ സ്‌കൂളുകളിലും മാതൃകാപരീക്ഷകളും പ്രതിവാരപരീക്ഷകളും നടത്തും.
2017, 2021, 2024 വർഷങ്ങളിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ‘നാസ്’ നടത്തിയത്. എൻസിഇആർടിയാണ് അതിന്റെ ഘടനയും ചോദ്യരീതിയും മൂല്യനിർണയവുമൊക്കെ നിശ്ചയിച്ചത്. സർവേ നടത്താൻ സമഗ്രശിക്ഷാകേരളയുടെ സഹായവുമുണ്ടായിരുന്നു.
ഗണിതം, ശാസ്ത്രം, ഭാഷ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ വിദ്യാർഥികളുടെ നിലവാരം ഉയരേണ്ടതുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് 2017-ലും 2021-ലും സർവേ നടത്തിയത്. 2024-ൽ മൂന്ന്, ആറ്്‌, ഒൻപത് ക്ലാസുകളിലായിരുന്നു സർവേ. ഇതിൽനിന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്നുമുതൽ ഒൻപതുവരെയുള്ള എല്ലാക്ലാസുകളിലും നടത്താൻ തീരുമാനിച്ചത്.
പൊതുവിദ്യാഭ്യാസവകുപ്പിനൊപ്പം എസ്‌സിഇആർടി, എസ്എസ്‌കെ എന്നിവയ്ക്കാണ് ഇതിന്റെ ചുമതല. സർവേയുടെ ഭാഗമായുള്ള പരീക്ഷയ്ക്കൊരുങ്ങാൻ കുട്ടികൾക്ക് പ്രത്യേക പരിശീലനസാമഗ്രികൾ നൽകും. പാദവാർഷിക, അർധവാർഷിക പരീക്ഷകളോടനുബന്ധിച്ച് ‘സാസ്’ മാതൃകാചോദ്യങ്ങളും ഉൾപ്പെടുത്തും.
ഓരോ സ്‌കൂളിന്റെയും ഫലം വിശകലനംചെയ്ത് പിന്നാക്കംനിൽക്കുന്നവർക്ക് പിന്തുണയേകാൻ പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ പ്രത്യേകപദ്ധതികളുണ്ടാകും. പൊതുവിദ്യാഭ്യാസസംവിധാനത്തെയും ഡയറ്റ്, ബിആർസി തുടങ്ങിയവയെയും പ്രാദേശികസർക്കാറുകളെയും വിദ്യാലയസമിതികളെയും എല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള സംവിധാനമാവും പ്രവർത്തിക്കുക.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال