കൊച്ചി: വഖഫ് ഭേദഗതി നിയമം മുസ്ലിംകള്‍ക്കെതിരല്ലെന്നും മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരണ്‍ റിജിജു. ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ് നിയമം ഭേദഗതി ചെയ്തത്. മുനമ്പത്തെ കേസില്‍ പുതിയ നിയമം ബാധകമാണ്. എല്‍ഡിഎഫും യുഡിഎഫും അവിടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുതെന്നും കിരണ്‍ റിജിജു കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല. അവിടെ നടന്ന ഭൂമികൈമാറ്റം വഖഫിനെതിരാണ്. എറണാകുളം കളക്ടറോട് മുനമ്പം രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും വോട്ടുബാങ്കായി മുസ്ലിംവിഭാഗം മാറരുതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നിലില്ലെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭേദഗതി നിയമം മുസ്ലിംകള്‍ക്കെതിരായ നീക്കമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയല്ല ഇത്. ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ ഏത് ഭൂമിയും വഖഫായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണമെന്നും അദ്ദേഹം പറഞ്ഞു.