പാലക്കാട്: ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേയുള്ള പ്രതിഷേധ മാര്‍ച്ചിലാണ് സംഭവം. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യര്‍ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പോലീസിനെതിരേ പ്രതിഷേധിച്ചു.
പോലീസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു.
''പോലീസ് വല്ലാതെ ആര്‍എസ്എസ് കളിക്കേണ്ട. രണ്ടുപേരെ പോലീസ് അടിച്ചു. മുഖം അടിച്ചുപൊട്ടിക്കുമെന്ന് പറഞ്ഞ ആ എസ്‌ഐയെ ഇങ്ങു വിളിക്ക്. ആര്‍എസ്എസ് മാര്‍ച്ച് നടത്തുമ്പോള്‍ ഇവര്‍ക്ക് പ്രശ്‌നമില്ല. ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമ്പോഴാണല്ലോ ഈ പ്രശ്‌നം. എന്റെ കാലുവെട്ടുമെന്നും തലവെട്ടുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ കേസെടുത്തോ. പാലക്കാട്ടെ പോലീസിന് സംഘിപ്രീണനമുണ്ട്. അത് കൈയില്‍വെച്ചാല്‍ മതി. മുനിസിപ്പാലിറ്റി മാത്രമേ ബിജെപി ഭരിക്കുന്നുള്ളൂ. സ്റ്റേഷന്‍ ഭരിക്കുന്നത് ആര്‍എസ്എസ് അല്ല. യൂണിഫോമിടാതെയാണ് പല പോലീസുകാരും വന്നത്. എന്നെ പിടിച്ചുമാറ്റിയത് സിവില്‍ഡ്രസ്സ് ഇട്ട പോലീസുകാരാണ്. ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യംചെയ്യുമ്പോള്‍ യൂണിഫോം വേണ്ടേ'', രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ഇവിടത്തെ ബിജെപിക്കാരുടെ ഭീഷണികൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചു. പോലീസിന്റെത് മനുഷ്യത്വരഹിതമായ ആക്രമണമാണ്. ജലപീരങ്കി പ്രയോഗിച്ചു. താനുള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ചു. എംഎല്‍എയുടെ സ്റ്റാഫിനെ ആക്രമിച്ചു. ഇത് സിജെപിയാണ്. സിപിഎം പോലീസ് ബിജെപിയെ സഹായിക്കുന്നു. എംഎല്‍എയുടെ തലയെടുക്കുമെന്ന് പറയുന്നവരെ പോലീസ് സംരക്ഷിക്കുകയാണ്. മറുവശത്ത് ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചവരെ പോലീസ് ആക്രമിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.