പക്ഷാഘാതത്തെതുടർന്ന് ഹൃദയാഘാതവും മാർപാപ്പയുടെ മരണകാരണം പുറത്ത് വിട്ട് വത്തിക്കാൻ


വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം. 

ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു.


യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനും ശേഷമാണ് അദ്ദേഹത്തിൻ്റെ വിയോഗം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال