തിരുവനന്തപുരം: എകെജി സെന്ററിൽവെച്ച് മുതിർന്ന സിപിഎം നേതാവ് ആക്ഷേപിച്ചതായി വനിതാ സിപിഒ ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയിൽനിന്നു നിയമനം നടത്തണമെന്ന ആവശ്യവുമായി കൂടിക്കാഴ്ചയ്ക്കു പോയപ്പോഴാണ് ദുരനുഭവമുണ്ടായത്. നിങ്ങളൊക്കെ ആത്മഹത്യചെയ്താലും പാർട്ടിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് മുതിർന്ന നേതാവു പറഞ്ഞത്.
ഇതോടെ മാനസികമായി തകർന്നെന്നും സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിൽ ഉദ്യോഗാർഥികൾ പറഞ്ഞു.
സിപിഎമ്മിലെ യുവജനനേതാവും എംപിയുമായ വ്യക്തിയും പരിഹസിച്ചു. ആർപിഎഫിലോ സിഐഎസ്എഫിലോ ജോലി നോക്കാനും കോൺഗ്രസിനും ബിജെപിക്കുമെതിരേ സംസാരിക്കാത്തെതന്തെന്നുമാണ് അദ്ദേഹം ചോദിച്ചത്.
മീൻ വിൽക്കാനോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലിക്കു പൊയ്ക്കൂടേയെന്നാണ് ഒരു മന്ത്രി ചോദിച്ചതെന്നും ഉദ്യോഗാർഥികളായ അഭയ, അമൃത, അനവദ്യ എന്നിവർ പറഞ്ഞു. ആക്ഷേപിച്ച നേതാവിന്റെ പേരു പറയരുതെന്ന് പല ഭാഗത്തുനിന്നും ഭീഷണിയുണ്ടായി.
പേരു പറഞ്ഞാൽ കേസെടുക്കുമെന്നു വരെ സമരവേദിയിലെത്തിയ ആളുകൾ പറഞ്ഞു. അതിനാൽ പേരു വെളിപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.
റാങ്ക് പട്ടികയിൽനിന്നു നിയമനം നടത്തണമെന്ന ആവശ്യവുമായി നേരത്തേ പല തവണ ഭരണകക്ഷിയിൽപ്പെട്ട നേതാക്കളെ കണ്ടിരുന്നു. കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നൽകാമെന്ന് ഉറപ്പുപറഞ്ഞിരുന്നു.
എന്നാൽ, പറഞ്ഞുപറ്റിക്കുകയാണെന്നു മനസ്സിലായതോടെയാണ് സമരത്തിനെത്തിയത്. അവകാശപ്പെട്ട ജോലി വേണമെന്നു പറഞ്ഞത് ദുർവാശിയാണോയെന്ന് പി.കെ.ശ്രീമതി വ്യക്തമാക്കണം.
മക്കളുള്ള അമ്മയായിട്ടും സമരം ദുർവാശിയാണെന്നു പറഞ്ഞത് സങ്കടകരമാണെന്നും അവർ പറഞ്ഞു.