മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. റാണയെ ദിവസേന പത്തു മണിക്കൂർ എൻ ഐ എ ചോദ്യം ചെയ്യുന്നതായാണ് സൂചന.
മുഖ്യപ്രതി ഹെഡ്ലിയുമായുള്ള ബന്ധം, ഭീകരാക്രമണത്തിലെ ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളിൽ ആഴത്തിലുള്ള അന്വേഷണമാണ് എൻ ഐ എ തുടരുന്നത്. അതേസമയം അതീവ സുരക്ഷയിൽ കഴിയുന്ന റാണ ഭീകരാക്രമണത്തിനു മുന്നേ സഞ്ചരിച്ച സ്ഥലങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് വൃത്തങ്ങൾ.
യുഎസിൽ നിന്ന് വെള്ളിയാഴ്ചയാണ് റാണയെ ദില്ലിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചത്. 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണ സംവിധാനത്തോടു കൂടിയാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം, റാണയുമായി തെളിവെടുപ്പു നടത്താൻ എൻഐഎ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന് മുമ്പ് റാണ സന്ദർശിച്ച സ്ഥലങ്ങളിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കേരളത്തിൽ കൊച്ചിയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. കൊച്ചിക്ക് പുറമെ ഉത്തർപ്രദേശിലെ ഹാപൂർ, ആഗ്ര എന്നിവിടങ്ങിളിലും തെളിവെടുപ്പിനായി റാണയെ കൊണ്ടുപോയേക്കും.