വഖഫ് ബിൽ: ജെഡിയുവിൽ കലഹം രൂക്ഷം



ന്യൂഡൽഹി: പാർലമെന്റിൽ വഖഫ് ബില്ലിനെ അനുകൂലിച്ചതിനെച്ചൊല്ലി ജെഡിയുവിൽ കലഹം രൂക്ഷം. പാർട്ടി പിന്തുടർന്നുവന്ന മതനിരപേക്ഷ നിലപാടിൽ ബിജെപിക്കുവേണ്ടി ചില നേതാക്കൾ വെള്ളംചേർത്തെന്നും കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നെന്നുമാണ് വിമർശനം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) മുഖ്യമന്ത്രി നിതീഷ് കുമാറിനുമുകളിൽ പാർട്ടിയിൽ പിടിമുറുക്കുന്നെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിൽ അതൃപ്തിയറിയിക്കാൻ നിതീഷിനെ കാണാനൊരുങ്ങുകയാണ് ഒരുവിഭാഗം നേതാക്കൾ. ഈവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
വഖഫ് ബില്ലിൽ ജെഡിയുവിന്റെ നിലപാട് തീരുമാനിക്കാൻ യോഗങ്ങൾ ചേർന്നില്ലെന്നും കേന്ദ്രമന്ത്രിയടക്കം മുതിർന്ന ചില നേതാക്കളെടുത്ത തീരുമാനങ്ങൾ താഴെത്തട്ടിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും നേതാക്കൾ പറയുന്നു.
എല്ലാ വിഭാഗങ്ങളുമായും നല്ലബന്ധം സൂക്ഷിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് നിതീഷിനുള്ളതെങ്കിലും തിരഞ്ഞെടുപ്പുകളിൽ മുസ്‍ലിംവോട്ടുകൾ പാർട്ടിക്ക് കിട്ടാറില്ലെന്നാണ് ഡൽഹിയിലെ ജെഡിയു നേതാക്കളുടെ വാദം. മാത്രമല്ല, പ്രതിപക്ഷം ശക്തമല്ലാത്തതിനാൽ എൻഡിഎ സഖ്യകക്ഷികൾക്കു വിലപേശൽ ശക്തിയില്ലെന്നും ബിജെപിയെ പിണക്കേണ്ടെന്നും അവർ നിലപാട് സ്വീകരിക്കുന്നു. വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായും മന്ത്രി ലലൻ സിങ്ങുമൊക്കെ ഈ നിലപാടുകാരാണ്. അതേസമയം, നിയമസഭാതിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ ഓരോ വോട്ടും പ്രധാനമാണെന്നാണ് മറുഭാഗത്തിന്റെ വാദം. തർക്കങ്ങൾക്കിടയിൽ, മുസ്‍ലിം മതനേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബിഹാറിൽ പാർട്ടി ശ്രമം തുടങ്ങിയിട്ടുണ്ട്.

കോടതിയെ സമീപിച്ച് ജെഡിയു നേതാവ്

: വഖഫ് ഭേദഗതിക്കെതിരേ ജെഡിയു നേതാവും ന്യൂനപക്ഷ സംവരണ മുന്നണി പ്രസിഡന്റുമായ മുഹമ്മദ് പർവേശ് സിദ്ദിഖി സുപ്രീംകോടതിയെ സമീപിച്ചു.
പാർട്ടിയുടെ അഭിപ്രായത്തോട് യോജിക്കാത്തതിനാലാണ് ഹർജി നൽകിയതെന്നും ജെഡിയുവിൽ തുടർന്നുകൊണ്ടുതന്നെ നിയമപോരാട്ടം നടത്തുമെന്നും പർവേശ് സിദ്ദിഖി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال