കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി. ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തൽ ഒരു ന്യൂസ് ചാനലിലൂടെ പുറത്തുവന്നു. കേസിൽ വാദം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ.
ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ നിർദേശിച്ചു. താൻ എന്താണ് ചെയ്യാൻപോകുന്നതെന്ന് അതിജീവിതയോട് പറഞ്ഞിരുന്നു. അക്രമം ഒഴിവാക്കാൻ പണംതരാമെന്ന് അവർ പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽപ്പോകാതെ രക്ഷപ്പെടുമായിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു.
ദിലീപിന്റെ കുടുംബം തകർത്തതാണ് വൈരാഗ്യത്തിനു കാരണം. അക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. എല്ലാം തത്സമയം വേറെ ചിലർ അറിയുന്നുണ്ടായിരുന്നു. കേസിൽ പ്രധാനതെളിവായ പീഡനദൃശ്യങ്ങൾ പോലീസിന് ലഭിച്ചത് കുരുക്കായി. വേറെയും നടിമാരെ ആക്രമിച്ചതായും പൾസർ സുനി വെളിപ്പെടുത്തി.
കേസിൽ നിർണായകമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കൈവശമുണ്ടെന്ന സൂചനയും സുനി നൽകിയിട്ടുണ്ട്. ആ ഫോൺ എവിടെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല.