പോത്താനിക്കാട് (കൊച്ചി): കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് ഇരുപത്തിയഞ്ചോളംപേർക്ക് പരിക്കേറ്റു.
അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയാണ് അപകടം.
ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിർമിച്ച ഗ്യാലറി, ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതൽപേർ ഗ്യാലറിയിൽ കയറിയതാണ് തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.
സാരമായി പരിക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.