ന്യൂഡല്‍ഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അംഗങ്ങള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ ലളിതമാക്കിയതായി കേന്ദ്രതൊഴില്‍ മന്ത്രാലയം അറിയിച്ചു. തുക പിന്‍വലിക്കുന്നതിനായി ചെക്ക് ലീഫിന്റെയോ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി.
കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇനിയില്ല. രാജ്യത്തെ 7.7 കോടിയോളം പേര്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് ഇത് ഉപകാരപ്പെടുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ക്ലെയിമുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുമ്പോള്‍ ചെക്ക് ലീഫിന്റെയോ അറ്റസ്റ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തേ ഒഴിവാക്കിയിരുന്നു. പുതുക്കിയ കെവൈസി നല്‍കിയവര്‍ക്കാണ് 2024 മേയ് 28 മുതല്‍ ഇത് നടപ്പാക്കിയത്. അതിനുശേഷം ഇതുവരെ 1.7 കോടിയാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ബാങ്ക് അക്കൗണ്ടുകളെ യുഎഎന്നുമായി സീഡ് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനാണ് തൊഴിലുടമയുടെ അംഗീകാരം എന്ന നിബന്ധന ഒഴിവാക്കിയത്. ഓരോ അംഗവും പിന്‍വലിച്ച പിഎഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ എത്തുന്നതിന് ബാങ്ക് അക്കൗണ്ട് യുഎഎന്‍ ഉപയോഗിച്ച് സീഡ് ചെയ്യണം.
2024-25 സാമ്പത്തികവര്‍ഷത്തില്‍ 1.3 കോടി അംഗങ്ങളാണ് ഇതിനായി അപേക്ഷിച്ചത്. തൊഴിലുടമ ഈ ബാങ്ക് പ്രക്രിയ അംഗീകരിക്കാന്‍ എടുക്കുന്ന ശരാശരിസമയം ഏകദേശം 13 ദിവസമാണ്. ഇത് തൊഴിലുടമയുടെ ജോലിഭാരം കൂട്ടുന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് സീഡിങ് വൈകാനും കാരണമായിരുന്നു.