കൊച്ചി: വീട്ടില്‍നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയൊടുക്കേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ എം.ജി.ശ്രീകുമാര്‍.
തന്റെ ജോലിക്കാരി അണ്ണാന്മാര്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ പേപ്പറില്‍ പൊതിഞ്ഞ് കായലിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് എം.ജി. ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ താന്‍ അധികസമയമുണ്ടാവാറില്ല. മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത് തെറ്റാണ്. തന്റെ വീടായതുകൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വീടിന്റെ പരിസരത്ത് ഹരിതകര്‍മ സേനയെ കണ്ടിട്ടില്ല. സേനയ്ക്ക് നല്‍കാന്‍ പ്ലാസ്റ്റിക്മാലിന്യം വീട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.
മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തുള്ള വീട്ടില്‍നിന്നാണ് മാലിന്യം കായലിലേക്കെറിഞ്ഞത്. ഇത് വീഡിയോയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. വീട്ടില്‍നിന്ന് കവറിലാക്കിയ മാലിന്യം വലിച്ചെറിയുന്നത് ആരെന്ന് വീഡിയോയില്‍ വ്യക്തമല്ല.
കായലിലൂടെ യാത്രചെയ്ത വിനോദസഞ്ചാരിയാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. മന്ത്രി എം.ബി. രാജേഷിനെയും ടാഗ് ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് േബാധ്യപ്പെട്ടു. തുടര്‍ന്ന്, അന്നുതന്നെ വീട്ടുടമയായ എം.ജി. ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ് പോസ്റ്റിനു നല്‍കിയ മറുപടിയില്‍ പറയുന്നു. എം.ജി. ശ്രീകുമാറിനുവേണ്ടി ജോലിക്കാരനെത്തി പിഴത്തുകയായ 25000 രൂപ അടച്ചു.
പിഴ അടച്ചെങ്കിലും എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് ഹരിതകര്‍മസേനയ്ക്ക് മാലിന്യം നല്‍കാറില്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ പറഞ്ഞിരുന്നു. 50 രൂപയാണ് ഹരിതകര്‍മസേന മാലിന്യം ശേഖരിക്കുന്നതിന് പ്രതിമാസം ഈടാക്കുന്നത്. ഹരിതകര്‍മസേനയുടെ മാലിന്യ ശേഖരണവുമായി സഹകരിക്കണമെന്ന് എം.ജി. ശ്രീകുമാറിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും അക്ബര്‍ പറയുകയുണ്ടായി.
യാദൃച്ഛികം പാരിതോഷികം
ആറുമാസം മുന്‍പ് തിരുവനന്തുപുരം സ്വദേശി എന്‍.പി. നസീം ഫോണിലാണ് വീഡിയോ പകര്‍ത്തിയത്. വേമ്പനാട്ട് 'കായലിലൂടെ ബോട്ടില്‍ പോകുമ്പോള്‍ ഡ്രൈവറാണ് എം.ജി. ശ്രീകുമാറിന്റെ വീട് കാണിച്ചത്. വീടിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യാദൃച്ഛികമായിട്ടാണ് മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ലഭിച്ചതെന്ന് നസീം പറഞ്ഞു. പക്ഷേ, കഴിഞ്ഞ ആഴ്ച മന്ത്രി എം.ബി. രാജേഷ് നല്‍കിയ ഒരു അഭിമുഖമാണ് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രേരണയായത്.
അതില്‍ അദ്ദേഹം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള വാട്സാപ്പ് നമ്പറിനെ പറ്റിയും പാരിതോഷികത്തെ പറ്റിയും സംസാരിച്ചു. തുടര്‍ന്നാണ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതെന്ന് നസീം കൂട്ടിച്ചേര്‍ത്തു.
പകര്‍ത്തിയത് കായല്‍യാത്രയ്ക്കിടെ
തിരുവനന്തപുരം: ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍നിന്ന് മാലിന്യം വലിച്ചെറിയുന്ന വീഡിയോ ദൃശ്യം തിരുവനന്തപുരം സ്വദേശി പകര്‍ത്തിയത് കായല്‍യാത്രയ്ക്കിടെ. ഏഴു മാസം മുന്‍പ് നടത്തിയ ഹൗസ്ബോട്ട് യാത്രയിലാണ് യാദൃച്ഛികമായി ദൃശ്യം പതിഞ്ഞത്. ഒരാഴ്ച മുന്‍പാണ് വള്ളക്കടവ് ഷമീം മന്‍സിലില്‍ എന്‍.ബി. നസീം ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു.
'ഹൗസ്ബോട്ട് യാത്രയ്ക്കിടെ ബോട്ട് ഡ്രൈവറാണ് എം.ജി. ശ്രീകുമാരിന്റെ വീട് കാണിച്ചുതന്നത്. കൗതുകത്തിന് വീഡിയോ എടുക്കുകയായിരുന്നു. അതിനിടെയാണ് വീട്ടില്‍നിന്ന് മാലിന്യം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കായലിെേലക്കറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മന്ത്രി എം.ബി. രാജേഷിന്റെ മാലിന്യമുക്ത കേരളം പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. ഒരാഴ്ച മുന്‍പ് 'എപ്പോള്‍ കിട്ടും എന്റെ 25,000' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു' - നസീം പറയുന്നു.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി നസീമിന് മെസേജ് അയച്ചിരുന്നു. തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഡിയോയ്ക്ക് വളരെയേറെ പിന്തുണയാണു ലഭിച്ചതെന്നും നസീം പറഞ്ഞു. സ്വകാര്യ കമ്പനിയുടെ ബിസിനസ് ഡിവലപ്മെന്റ് ഓഫീസറായി ജോലിചെയ്യുകയാണ് നസീം.
പരാതി നല്‍കാം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവ് സഹിതം വിളിക്കു, ഫോണ്‍: 94467 00800.
ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2500 രൂപ, പിഴ അടച്ച് 30 ദിവസത്തിനുള്ളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിക്ക് ലഭിക്കും.