ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങള്‍ ഒരുങ്ങി

 


ആറാട്ടുപുഴ പൂരത്തിനുള്ള  കൈപ്പന്തങ്ങള്‍ ഒരുങ്ങി.  രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും  18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തിൽ മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.
ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ്  ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും  പന്തം കത്തിക്കും. ഓരോ എഴുന്നെള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങൾ വീണ്ടും ചുറ്റി തയ്യാറാക്കും.
ശാസ്താവ് എഴുന്നെള്ളുമ്പോൾ
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.
ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മനോഹരമായി  പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരകടവിൽ വെച്ച്  പുഴുങ്ങി അലക്കി ഉണക്കി വെച്ചിട്ടുണ്ടായിരുന്നു. 
വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളിൽ വൃശ്ചിക മാസത്തിൽ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം  കത്തിക്കാൻ ഉപയോഗിക്കാറ്.
ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂർ കത്തണമെങ്കിൽ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നെള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോൾ പന്തം വെളിച്ചെണ്ണയിൽ നനച്ചു കൊണ്ടിരിക്കും.ഇലക്ട്രിസിറ്റി സാർവ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി  വന്നിരുന്നത്. കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതൽ ശോഭയോടെയും തിളക്കത്തോടെയും ദർശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങൾ വെളിച്ചെണ്ണയിൽ കത്തിക്കുന്നത്. ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ കുട്ടന്‍, ശശി, കുട്ടപ്പൻ, രാജൻ എന്നിവരാണ് ആറാട്ടുപുഴ  പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍  തയ്യാറാക്കിയത്.
 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال