കോട്ടയം: കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനും ആഹാരമാക്കാനും കൃഷിക്കാർക്ക് അവകാശം വേണമെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത്. പക്ഷേ, തിന്നുന്നതുപോയിട്ട് കൊല്ലാൻപോലും പറ്റുന്നില്ല. വേണ്ടത്ര വെടിക്കാരുടെ അഭാവവും വെടിവെച്ചുമാത്രമേ കൊല്ലാവൂ എന്ന നിബന്ധനയുമാണ് തടസ്സം. സംസ്ഥാനത്ത് 420 അംഗീകൃത ഷൂട്ടർമാരാണുള്ളത്.
വനംവകുപ്പിന്റെ കണക്കിൽ സംസ്ഥാനത്ത് 48,034 കാട്ടുപന്നികളാണുള്ളത്. എന്നാൽ, മൂന്നരലക്ഷത്തോളം പന്നികളെങ്കിലും ഉണ്ടെന്നാണ് കൃഷിക്കാരുടെ സംഘടനകൾ ശേഖരിച്ച കണക്ക്. ഇതിൽ പാതിയെങ്കിലും ഇപ്പോൾ നാട്ടിൻപുറത്താണെന്ന് പശ്ചിമഘട്ടസംരക്ഷണസമിതി ചെയർമാൻ ജെയിംസ് വടക്കൻ. കൃഷിക്കാർക്ക് വേട്ടയ്ക്ക് അനുമതി നൽകണമെന്നാണ് അവരുടെ പക്ഷം.
ലൈസൻസികളുടെ പ്രതിഫലം 1000-ത്തിൽനിന്ന് 1500 ആക്കിയിട്ടും സംസ്കാരച്ചെലവായി 2000 രൂപ നൽകുകയിട്ടും വേട്ട കാര്യക്ഷമമല്ല. ഒൻപതുവർഷംകൊണ്ട് സംസ്ഥാനത്ത് വെടിവെച്ചുകൊന്നത് 4668 പന്നികളെ മാത്രം. നാലുവർഷത്തിനിടെ 2372. പന്നിയെ കാണുമ്പോൾ ഷൂട്ടറെ വിളിക്കണം. “എന്നെ വെടിവെക്കൂ എന്നുപറഞ്ഞ് പന്നി നിന്നുതരുമോ” -ചോദിക്കുന്നത് കൃഷിക്കാർക്കുവേണ്ടി നിയമപോരാട്ടം നടത്തുന്ന ഗീവർഗീസ് തറയിൽ.
തോക്ക് ലൈസൻസുള്ളവർ 2024-ലെ കണക്കുപ്രകാരം 7531 പേരാണ്. മുന്നിൽ കോട്ടയം, 1562 പേർ. രണ്ടാമത് എറണാകുളം- 1287. ആയിരത്തോളം അപേക്ഷകൾ വിവിധ ജില്ലകളിൽ ലൈസൻസിനായി കാത്തുകിടക്കുന്നു.
കാട്ടുപന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ വേണ്ടത്ര ഷൂട്ടർമാരില്ല. ഉദാഹരണത്തിന് വനമേഖലയായ കോന്നി അസംബ്ലി മണ്ഡലത്തിൽ ഒരു ഷൂട്ടറാണുള്ളത്. 82 പന്നികളെ ഇവിടെ കൊന്നത് മറ്റിടങ്ങളിൽനിന്ന് ആളെ വരുത്തിയാണ്. പുനലൂർ, കാഞ്ഞിരപ്പള്ളി, കുറ്റ്യാടി, വടകര തുടങ്ങിയ മണ്ഡലങ്ങളിലും സ്ഥിതി മോശമാണ്.