ചെന്നൈ: പെറ്റ് ബോട്ടിലുകളും കാരിബാഗുകളും പ്ലേറ്റുകളും ഉള്‍പ്പെടെ 28 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പശ്ചിമഘട്ട മേഖലയില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
നീലഗിരി മുതല്‍ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഊട്ടിയും കൊടൈക്കനാലും ഉള്‍പ്പെടെ തമിഴ്നാട് അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശത്താണ് നിരോധനം ബാധകമാവുക.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമെന്നനിലയിലാണ് ഈ നടപടിയെന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയുമടങ്ങുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.
വെള്ളവും ലഘുപാനീയങ്ങളും നിറയ്ക്കുന്ന പെറ്റ് ബോട്ടില്‍, ഭക്ഷണസാധനങ്ങള്‍ പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക്കിന്റെയോ തെര്‍മോകോളിന്റെയോ പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍പ്ലേറ്റും കപ്പും, സ്ട്രോ തുടങ്ങി 28 ഇനം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതുമാണ് നിരോധിച്ചത്.
2018-ലെയും 2024-ലെയും സര്‍ക്കാര്‍ ഉത്തരവുകളും 2019-ലെ ഹൈക്കോടതി വിധിയും ക്രോഡീകരിച്ചും വിപുലീകരിച്ചുമാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണംചെയ്യുന്നതിന് ഇലകൊണ്ടുനിര്‍മിച്ച പ്ലേറ്റുകളോ മണ്‍പാത്രങ്ങളോ ഉപയോഗിക്കാം. പ്ലാസ്റ്റിക് കൂടുകളില്‍ വരുന്ന ബിസ്‌കറ്റുംമറ്റും കടലാസുകൂടിലേക്ക് മാറ്റിയേ വില്‍ക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.