തിരുവനന്തപുരം: ദേശീയ, സംസ്ഥാനപാതകളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനുമായി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 25,135 വാഹനങ്ങള്‍ക്കു പിഴചുമത്തി. അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കാണ് പിഴചുമത്തിയത്. മാര്‍ച്ച് 26മുതല്‍ 31വരെയുള്ള ദിവസങ്ങളിലായിരുന്നു പരിശോധന.
റോഡരികിലെ അലക്ഷ്യമായ പാര്‍ക്കിങ് മൂലം ഉണ്ടാകുന്ന അപകടങ്ങളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഡ്രൈവര്‍മാര്‍ക്കു ബോധവത്കരണം നല്‍കുകയുമുണ്ടായി. സ്പെഷ്യല്‍ ഡ്രൈവിനു പൊതുജനങ്ങളില്‍നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ ദിനംപ്രതിയുള്ള അപകടങ്ങളില്‍ ഗണ്യമായ കുറവുമുണ്ടായി.
അപകടങ്ങള്‍ തടയുന്നതിന് അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി. സമാനമായ സ്പെഷ്യല്‍ ഡ്രൈവുകള്‍ തുടരുകയും നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശുഭയാത്ര വാട്സാപ്പ് നമ്പര്‍(9747001099) വഴി നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.