ഏറ്റുമാനൂര്‍ (കോട്ടയം): പാറോലിക്കലില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബിയെ പോലീസ് ചോദ്യംചെയ്യുന്നത് തുടരുന്നു. റിമാന്‍ഡിലായിരുന്ന ഭര്‍ത്താവ് നോബിയുടെ ജാമ്യ അപേക്ഷ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്തള്ളിയിരുന്നു. മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.
തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി (42), മക്കളായ അലീന (11), ഇവനാ(10) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് നോബിയുമായി പിണങ്ങി ഒന്‍പത് മാസമായി പാറോലിക്കലുള്ള ഷൈനിയുടെ സ്വന്തം വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
നോബിയുമായി കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. നോബി ഷൈനിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു. ഷൈനിയുടെ ഫോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സൈബര്‍ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.