ന്യൂഡൽഹി: കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്ന് മന്ത്രി വീണാ ജോർജ്. അനുമതി കിട്ടാത്ത സാഹചര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി തിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള കത്തും മന്ത്രി പുറത്തുവിട്ടു.
ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് സംസാരിക്കുന്നതിന് വേണ്ടി ഒരു ശ്രമം ഇന്ന് നടത്തിയിരുന്നതായാണ് മന്ത്രി പറഞ്ഞത്. ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വേണ്ടി അനുമതി തേടിക്കൊണ്ടുള്ള കത്ത് വീണാ ജോർജ് നൽകിയത്.
ആദ്യത്തെ കത്ത് ചൊവ്വാഴ്ച മന്ത്രിയുടെ ഓഫീസ് വഴിയാണ് നൽകിയത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കത്ത് നൽകിയത്. നാല് ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോർജ് അനുമതി തേടിയത്.
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുക,
2023-24 കാലയളവിലെ കുടിശ്ശിക 637 കോടി രൂപ അനുവദിക്കുക,
എയിംസ് കേരളത്തിൽ അനുവദിക്കുക
കാസർകോട് വയനാട് ജില്ലകളിലെ മെഡിക്കൽ കോളേജ് -
തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ദ്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അനുമതി ലഭിക്കുകയുണ്ടായില്ല.
അദ്ദേഹത്തിന് എന്തെങ്കിലും തിരക്കായിരിക്കുമെന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇനി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുന്ന ഘട്ടത്തിൽ വീണ്ടും ഡൽഹിയിലെത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.