ഗാസയിലെ ആക്രമണം: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം



ജെറുസലേം: ഗാസയില്‍ പാലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം. ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാര്‍ലമെന്റായ ക്‌നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനെത്തിയത്. 'ഇസ്രയേലിന്റെ ഭാവിക്കുവേണ്ടിയോ നിങ്ങളുടെ സഖ്യസര്‍ക്കാരിന്റെ ഭാവിക്കുവേണ്ടിയോ ഈ യുദ്ധം' എന്നുള്‍പ്പെടെയുള്ള ബാനറുകളുമേന്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് ക്‌നെസറ്റിന് പുറത്ത് പ്രതിഷേധിച്ചത്. രണ്ടുമാസത്തിനുശേഷം വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഗാസയ്‌ക്കെതിരായ യുദ്ധം പുനരാരംഭിച്ചതിന് പുറമെ ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാസേനയായ ഷിന്‍ ബെത്തിന്റെ മേധാവിയായ റോണര്‍ ബാറിനെ പുറത്താക്കാനുള്ള തീരുമാനവും നെതന്യാഹുവിനെതിരായ ജനരോഷം ആളിക്കത്തിച്ചു.
പാര്‍ലമെന്റിന് പുറത്തുള്ള പ്രതിഷേധറാലിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജെറുസലേമിലെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. നെതന്യാഹുവിന്റേത് നശീകരണ സര്‍ക്കാരാണെന്ന ബാനറും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. 'എന്താണ് അയാള്‍ (നെതന്യാഹു) ഇപ്പോഴും അവിടെയിരിക്കുന്നത്? എന്താണ് അവരെല്ലാവരും (ഹമാസ് ബന്ദികളാക്കിയവര്‍) ഇപ്പോഴും അവിടെ തുടരുന്നത്?' എന്നീ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിക്കേട്ടത്.
തനിക്കെതിരായ അഴിമതിക്കേസിന്റെ വിചാരണയും വരാനിരിക്കുന്ന ബജറ്റ് വോട്ടിനുമിടയില്‍പെട്ട് ആടിയുലഞ്ഞ സഖ്യസര്‍ക്കാരിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള മാര്‍ഗമായാണ് നെതന്യാഹു ഗാസയ്ക്കുമേലുള്ള യുദ്ധം പുനരാരംഭിച്ചത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ 18 മാസത്തെ കനത്ത ആക്രമണങ്ങള്‍ക്കുശേഷം വീണ്ടും ആക്രമണം ആരംഭിച്ചത് ഇസ്രയേലിലെ ജനങ്ങളെ രോഷാകുലരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു അഴിമതിക്കേസിലെ നെതന്യാഹുവിന്റെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഗാസയിലെ ആക്രമണം പുനരാരംഭിച്ചതോടെ വിചാരണ മാറ്റിവെക്കുകയായിരുന്നു. വിചാരണ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഗാസയില്‍ ആക്രമണം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
അധികാരത്തില്‍ കടിച്ചുതൂങ്ങാനായാണ് നെതന്യാഹു ഗാസയില്‍ യുദ്ധം നടത്തുന്നതെന്ന് മൂവ്‌മെന്റ് ഫോര്‍ ക്വാളിറ്റി ഗവണ്‍മെന്റ് ഇന്‍ ഇസ്രയേല്‍ എന്ന സംഘടനയുടെ ചെയര്‍പേഴ്‌സണും നിയമവിദഗ്ധനുമായ ഏലിയാസ് ഷ്രാഗ പറഞ്ഞു. 'നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശം. ഭരണത്തിന്റെ അട്ടിമറിയും രക്തരൂഷിതമായ യുദ്ധവും നമ്മള്‍ കാണാന്‍ കാരണം അത് മാത്രമാണ്. ഇത് അപകടകരമാണ്. ബന്ദികളുടെ ജീവന്‍ അയാള്‍ക്കൊരു വിഷയമല്ല എന്നാണ് ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ചതിലൂടെ വ്യക്തമാകുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം അവരെല്ലാം മോചിതരാകേണ്ടതായിരുന്നു.' -ഏലിയാസ് ഷ്രാഗ യുഎസ് മാധ്യമമായ സിഎന്‍എന്നിനോട് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال