ദുരൂഹസാഹചര്യത്തിൽ മരണം: യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കുന്നത് പോലീസ് തടഞ്ഞു



മണ്ണഞ്ചേരി(ആലപ്പുഴ): ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കുന്നത് പോലീസ് തടഞ്ഞു. ചിതയിൽവെച്ച മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് അറയ്ക്കാത്തറയിൽ അനിൽകുമാറിന്റെയും വിജിമോളുടെയും മകൻ അർജുന്റെ (20) സംസ്കാരമാണ് പരാതിയെത്തുടർന്ന് തടഞ്ഞത്.
വ്യാഴാഴ്ച രാവിലെ വീടിനടുത്ത ബന്ധുവീട്ടിലാണ് അർജുനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പ്രായമായവർ മാത്രമുള്ള ഇവിടെ ഇയാൾ രാത്രി കിടക്കാൻ പോകുമായിരുന്നു. രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ട വീട്ടുകാർ അർജുന്റെ വീട്ടിൽ വിവരമറിയിച്ചു. സഹോദരനെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
എന്നാൽ, ഹൃദയാഘാതം മൂലം മരിച്ചെന്നാണ് അർജുന്റെ വീട്ടുകാർ നാട്ടുകാരെ അറിയിച്ചത്. വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്. ഉച്ചയ്ക്ക് 12-ന് മൃതദേഹം ചിതയിലേക്ക് എടുത്തയുടൻ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസെത്തി പ്രാഥമികാന്വേഷണം നടത്തി. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടക്കും.
വെൽഡറായിരുന്നു അർജുൻ. മൃതദേഹം പരിശോധിച്ചതിലും അന്വേഷണത്തിലും മരണത്തിൽ ദുരൂഹത കാണാനായില്ലെന്നു പോലീസ് പറഞ്ഞു. തൂങ്ങിമരണമാണെന്നാണു നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തത വരുത്താനാകൂവെന്ന് മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൺ പി. ജോസഫ് പറഞ്ഞു. അർജുന്റെ സഹോദരങ്ങൾ: അക്ഷയ്, ആരോമൽ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال