വാഷിങ്ടണ്‍ : അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള ഉത്തരവിൽ ഒപ്പുവെച്ച പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേതം. മാര്‍ച്ച് 21, അമേരിക്കന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് കരിദിനമാണെന്ന് പൗരാവകാശസംഘടനയായ എന്‍എഎസിപി വിമർശിച്ചു. ട്രംപിന്റെ നീക്കം അത്യന്തം വിനാശകരമാണെന്നും യുഎസിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ഉത്തരവ് ബാധിക്കുമെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ തുറന്നടിച്ചു. . കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് ട്രംപിന്‍റെ നടപടികൾ തടസമാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് വിദ്യാഭ്യാസവകുപ്പ് അടച്ച് പൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ട്രംപിന്‍റെ നടപടി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാതെ ഇത്രയുംകാലം വകുപ്പ് പണം വെറുതേ ചെലവാക്കുകയായിരുന്നു എന്നാണ് ട്രംപിന്‍റെ ആരോപണം. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു.