തിരുവനന്തപുരം: ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻചെയ്യുന്നത്. കേന്ദ്രമന്ത്രിയായതിനുശേഷം പാർട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്താനില്ല. സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈയിലില്ല. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് താൻ ചെയ്യുന്നു. അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാലദിനത്തിൽ സമരക്കാർക്ക് പൊങ്കാലയിടാനുള്ള പൊങ്കാലക്കിറ്റും കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകി.
സമരത്തെക്കുറിച്ച്ചർച്ചചെയ്യാത്തത് ദൗർഭാഗ്യകരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി നിർമലാസീതാരാമന്റെയും കൂടിക്കാഴ്ചയിൽ ആശ സമരത്തെക്കുറിച്ച് പരാമർശിക്കാത്തത് ദൗർഭാഗ്യകരമെന്ന് കേരള ആശ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു. ഇൻസെന്റീവ് വർധിപ്പിക്കുമെന്ന കേന്ദ്രസർക്കാരിന്റെ അറിയിപ്പ് സ്വാഗതാർഹമാണ്. ഓണറേറിയത്തെക്കുറിച്ചും വിരമിക്കൽ ആനുകൂല്യത്തെക്കുറിച്ചും തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നിരവധിപ്പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയെന്നും അവർ പറഞ്ഞു.
ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ പൊങ്കാലയിടും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലദിനത്തിൽ സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ സമരക്കാർ പൊങ്കാലയിടും. പ്രതിഷേധത്തിന്റെ ഭാഗമായല്ല പൊങ്കാലയിടുന്നതെന്നും വിശ്വാസികളായ നിരവധിപ്പേർ സമരക്കാർക്കിടയിലുണ്ടെന്നും സമരസമിതി കോഡിനേറ്റർ എസ്. മിനി പറഞ്ഞു.
എല്ലാവർഷവും മുടങ്ങാതെ പൊങ്കാലയിടുന്നവർ ഇത്തവണ സമരപ്പന്തലിലാണ്. അതിനാലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരക്കാർ പൊങ്കാലയിടാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ആശമാരുടെ ദുരിതം പരിഹരിക്കാനും സമരം വിജയിക്കാനുമാണ് ഇക്കുറി പൊങ്കാലയിടുന്നതെന്ന് സമരക്കാർ പറഞ്ഞു.