കൊച്ചി: പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശി ഡോക്ടർ പി.വി. നാരായണൻ ഫയൽചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ് ഡോക്ടർ.
2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നായിരുന്നു മൊഴി.
എന്നാൽ, ഇത് തെറ്റാണെന്നും പെൺകുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹർജിയിലെ വാദം. ആദ്യമൊഴിക്ക് വിരുദ്ധമായ സത്യവാങ്മൂലവും പെൺകുട്ടിയുടേതായി കോടതിയിൽ കഴിഞ്ഞവർഷം ഫയൽചെയ്തു.
എന്നാൽ, പ്രോസിക്യൂഷൻ രേഖകളിൽനിന്ന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാകുമ്പോൾ ഇരയുടെ മറിച്ചുള്ള മൊഴി കേസ് റദ്ദാക്കാൻ കാരണമല്ലെന്ന് കോടതി വിലയിരുത്തി. മാത്രമല്ല 2018-ൽ കേസ് റദ്ദാക്കാനായി ഫയൽചെയ്ത കേസിൽ 2024-ൽ മാത്രമാണ് പെൺകുട്ടിയുടെ സത്യവാങ്മൂലം നൽകിയതെന്നതും കോടതി കണക്കിലെടുത്തു. കോഴിക്കോട് പോക്‌സോ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശംനൽകി.