ന്യൂഡല്‍ഹി: ചൈനീസ് വെല്ലുവിളി നേരിടിനാന്‍ അമേരിക്ക ഉള്‍പ്പെടുന്ന മറ്റൊരു ബഹുരാഷ്ട്ര സഖ്യത്തില്‍ കൂടി ഇന്ത്യയ്ക്ക് ക്ഷണം. സൗത്ത് ചൈന കടലിലെ ചൈനീസ് വെല്ലുവിളിക്കെതിരെ രൂപം കൊണ്ട സ്‌ക്വാഡ് എന്ന സഖ്യത്തിലേക്ക് ഇന്ത്യയെ കൂടി അംഗമാക്കാനൊരുങ്ങുകയാണ് മറ്റ് അംഗരാജ്യങ്ങള്‍. ജപ്പാന്‍, ഫിലിപ്പിന്‍സ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് നിലവില്‍ സ്‌ക്വാഡിലെ അംഗങ്ങള്‍. ഇതിനൊപ്പം ഇന്ത്യയെയും ദക്ഷിണ കൊറിയയെയും അംഗമാകാന്‍ ഇവര്‍ ക്ഷണിച്ചേക്കും. നിലവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തിലെ അംഗമാണ് ഇന്ത്യ. ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈനീസ് ഭീഷണി നേരിടുന്നതിനായി രൂപം കൊണ്ട ക്വാഡില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. സമാനമായ സഖ്യമാണ് സ്‌ക്വാഡ്.
ഫിലിപ്പിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സൗത്ത് ചൈന കടലില്‍ ചൈനയില്‍ നിന്ന് വെല്ലുവിളി നേരിടുന്നുണ്ട്. വര്‍ധിച്ചുവരുന്ന ചൈനീസ് സൈനിക സാന്നിധ്യം ഇരുരാജ്യങ്ങള്‍ക്കും സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ക്വാഡ് പോലെ സ്‌ക്വാഡും അനൗപചാരിക സഖ്യമാണ്. സൗത്ത് ചൈന കടലില്‍ സംയുക്ത സൈനികാഭ്യാസങ്ങളും മറ്റുമാണ് നിലവില്‍ നടക്കുന്നത്. ഇതിലേക്ക് ഇന്ത്യയെയും ദക്ഷിണ കൊറിയയെയും ഉള്‍പ്പെടുത്തി സഖ്യം വിപുലമാക്കാന്‍ ആലോചനയുണ്ട് എന്ന് ഫിലിപ്പിന്‍സ് ആംഡ് ഫോഴ്‌സ് മേധാവി ജനറല്‍ റോമിയൊ. എസ്. ബ്രൗണര്‍ ആണ് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ഡയലോഗ് എന്ന ചര്‍ച്ചയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
സ്‌ക്വാഡിലെ മറ്റ് അംഗരാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സൈനികോദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാനെ നേരിട്ട് കണ്ട് സഖ്യത്തിലേക്ക് ക്ഷണിക്കുമെന്നാണ് ഫിലിപ്പിന്‍സ് സൈനിക മേധാവി പിന്നീട് പറഞ്ഞു. ഇന്ത്യയും ഫിലിപ്പിനും തമ്മില്‍ ഒരുകാര്യത്തില്‍ സമാനരാണ്. ഇരുരാജ്യങ്ങളുടെയും പൊതുശത്രുവാണ് ചൈന. അതുകൊണ്ട് ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. പരസ്പരം വിവരങ്ങള്‍ കൈമാറുകയും വേണം-ജനറല്‍ ബ്രൗണര്‍ പറഞ്ഞു. ഫിലിപ്പിന്‍സും ചൈനയും തമ്മില്‍ സൗത്ത് ചൈന കടലില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെയാണ് എന്നാണ് ചൈന അവകാശപ്പെടുന്നത്.