കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ലഹരി മാഫിയ ലഹരി വിരുദ്ധ പ്രവർത്തകരെയും ലക്ഷ്യമിടുന്നതായി പരാതി. ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നുവെന്നാണ് പരാതി. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. എന്നാൽ പൊലീസിന്റെ സഹായം തങ്ങൾക്ക് കിട്ടുന്നില്ലെന്നും കർമ്മ സമിതി പരാതിപ്പെടുന്നു.
എല്ലാ രാഷ്ട്രീയ മതസംഘടനയിലുള്ളവരും ജനകീയ സമിതിയിൽ ഉണ്ട്. 30ഓളം ഫ്ലെക്സ് ബോർഡുകൾ പലയിടങ്ങളിലായി വെച്ചിരുന്നു. അത് അവർ നശിപ്പിച്ചു കളഞ്ഞുവെന്ന് ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. കൂടാതെ ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോയെടുത്ത് ലഹരി മാഫിയകൾക്ക് നൽകുകയും അവർ ആളുകളെ ആക്രമിക്കുകയാണന്നും ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. നേരത്തെ, ഒരാളെ വാഹനം ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇക്കാര്യം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. കേസ് എവിടെയെത്തി എന്നുവരെ അറിയില്ല. ലഹരി മാഫിയക്ക് നൽകുന്ന സഹായം പോലും ഞങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ജനകീയ സമിതി പ്രവർത്തകൻ പറയുന്നു.