വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാനവേഷത്തില്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 27-ന് ചിത്രം പാര്‍ലമെന്റിലെ ലൈബ്രറി ബില്‍ഡിങ്ങില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എംപിമാരും പ്രദര്‍ശനം കാണാനെത്തുമെന്നാണ് വിവരം.
ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പാര്‍ലമെന്റിലെ ഈ പ്രത്യേക സ്‌ക്രീനിങ്ങിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്‍ വിക്കി കൗശലും എത്തിയേക്കും. അടുത്തിടെ ഒരു ചടങ്ങില്‍വെച്ച് ചിത്രത്തെ മോദി പുകഴ്ത്തിയിരുന്നു. രാജ്യമെമ്പാടും ഛാവ തരംഗം സൃഷ്ടിക്കുകയാണെന്നാണ് മോദി പറഞ്ഞത്. അതേസമയം ചിത്രം ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയില്‍നിന്ന് മാത്രം 570 കോടിയോളം രൂപ ഛാവ നേടിയതായാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം ചിത്രം ദ ഡിപ്ലോമാറ്റിനെക്കാള്‍ കളക്ഷന്‍ ഛാവ നേടിക്കഴിഞ്ഞു.
വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14-നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.