വാഷിങ്ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസിൽ ഇന്ത്യൻ ഗവേഷകൻ അറസ്റ്റിൽ. ജോർജ് ടൗൺ സർവകലാശാലയിലെ ബദർ ഖാൻ സൂരിയെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. സൂരിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും നാടുകടത്തൽ ഭീഷണി നേരിടുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
ഹമാസ് അനുകൂല പ്രചാരണം നടത്തി എന്ന കുറ്റമാണ് സൂരിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഒരു തീവ്രവാദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ എക്‌സിൽ എഴുതി.
'ഹമാസ് പ്രചാരണം സജീവമായി പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളാണ് ബദർ ഖാൻ സൂരി. ഹമാസിന്റെ മുതിർന്ന ഉപദേഷ്ടാവായ ഒരു തീവ്രവാദിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മാർച്ച് 15-ന് സ്റ്റേറ്റ് സെക്രട്ടറി അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചു', ട്രീഷ്യ മക്‌ലാഫ്ലിൻ എക്സ് പോസ്റ്റിൽ പറയുന്നു.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്ജ്ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങ്ങിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് ഡോ. ബദർ ഖാൻ സൂരി. 2020-ൽ, ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷനിൽനിന്ന് പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിലാണ് അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കിയത്.