പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറിൽ മൊത്തം അക്ഷര പിശക്: രക്ഷിതാക്കൾ കോടതിയിലേക്ക്



കേരളത്തിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയത്തിന്റെ നിലവാരത്തെചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ തന്നെ അക്ഷരത്തെറ്റുകൾ കൊണ്ട് വിദ്യാർഥികളെ വഴിതെറ്റിക്കുകയാണ്. 2025-ലെ ഹയര്‍സെക്കൻഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിനെയാണ് അടിമുടി അക്ഷരപ്പിശാച് വിഴുങ്ങിയിരിക്കുന്നത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്.

'താമസ'ത്തെ 'താസമം' എന്നും 'നീലകണ്ഠശൈല'ത്തെ 'നീലകണുശൈല'മെന്നും 'കാതോര്‍ക്കും' എന്ന പദത്തെ 'കാരോര്‍ക്കു'മെന്നും 'വലിപ്പത്തില്‍' എന്ന വാക്കിനെ 'വലിപ്പിത്തി'ലെന്നും 'ഉല്‍ക്കണ്ഠകളെ' 'ഉല്‍ക്കണങ്ങളെ'ന്നും 'ആധി'യെ 'ആധിയ'മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നത്.
കുട്ടികളിലെ അവധാരണശേഷി അളക്കാന്‍ നല്‍കിയ ഒഎന്‍വിയുടെ കവിതകളിലും ഗുരുതരമായ, പദത്തിന് അര്‍ഥവ്യത്യാസം വരുത്തുന്ന തരത്തില്‍, അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഏഴു പേജുള്ള ചോദ്യക്കടലാസില്‍ പതിനെട്ടിലധികം അക്ഷരത്തെറ്റുകള്‍! പദവിന്യാസത്തിലും അക്ഷരങ്ങള്‍ തമ്മിലുള്ള അകലത്തിലും വരെ വലിയ വ്യത്യാസം. ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് അക്ഷരത്തെറ്റുകൂടാതെ ഒരു വാചകം പോലും എഴുതാന്‍ ശേഷിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസവകുപ്പില്‍ ഇരിക്കേയാണ് പരീക്ഷാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ചോദ്യക്കടലാസ് മാതൃഭാഷകൂടിയായ മലയാളം പരീക്ഷയ്ക്ക് അച്ചടിച്ചു നല്‍കിയത്. പൊതുപരീക്ഷാ നടത്തിപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനവും ഗൗരവമില്ലായ്മയും വിളിച്ചുപറയുന്നതാണ് ഈ പ്രവൃത്തി. ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമാണ് ഈ ചോദ്യക്കടലാസില്‍. ഇതിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം രക്ഷിതാക്കൾ.
ചോദ്യക്കടലാസില്‍ കടന്നുകൂടിയ അക്ഷരത്തെറ്റുകള്‍ ഒറ്റനോട്ടത്തില്‍ ഇത്രയുമാണ്:
താസമം (ഉദ്ദേശിച്ചത്: താമസം)
നീലകണുശൈലം (നീലകണ്ഠശൈലം)
സച്ചിനെക്കറിച്ച് (സച്ചിനെക്കുറിച്ച്)
കൊല്ലുന്നതിനെക്കാളം (കൊല്ലുന്നതിനെക്കാളും)
മാന്ത്രികഭാവനയില്‍ക്കുടി (മാന്ത്രികഭാവയില്‍ക്കൂടി)
അവതരിപ്പിച്ചരിക്കുന്ന (അവതരിപ്പിച്ചിരിക്കുന്ന)
സൃഷ്ടിക്കുന്നണ്ടോ (സൃഷ്ടിക്കുന്നുണ്ടോ?)
പൂലിക്കോട്ടില്‍ (പുലിക്കോട്ടില്‍)
ലോകമെന്നാകെ (ലോകമൊന്നാകെ)
ജീവിതസാഹിചര്യം (ജീവിതസാഹചര്യം)
വലിപ്പിത്തില്‍ (വലിപ്പത്തില്‍)
കാരോര്‍ക്കും (കാതോര്‍ക്കും)
ഉല്‍കണംകള്‍ (ഉല്‍കണ്ഠകള്‍)
ആധിയം (ആധിയും)
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ചോദ്യങ്ങള്‍ പാളം തെറ്റുമ്പോള്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സാമൂഹിക-സാംസ്‌കാരിക, വിദ്യാഭ്യാസരംഗങ്ങളിലെ പ്രമുഖര്‍ പ്രതികരിക്കുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال