രാമനാട്ടുകര(കോഴിക്കോട്): വയസ്സ് 63 ആയെങ്കിലും തനിക്ക് കിട്ടേണ്ടിയിരുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്ന ജോലിക്കായ് 28 വർഷമായി നിയമപോരാട്ടത്തിലാണ് വൈദ്യരങ്ങാടി അയനം വീട്ടിൽ വേലായുധൻ. 1997-ൽ കേരള സർവകലാശാല നടത്തിയ ടൈപ്പിസ്റ്റ് നിയമനത്തിലെ ക്രമക്കേടുകളാണ് തന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴലായതെന്ന് വേലായുധൻ പറയുന്നു.
1995-ലാണ് നിയമനത്തിനായി സർവകലാശാലയുടെ വിജ്ഞാപനം വന്നത്. പ്രായോഗിക പരീക്ഷയും അഭിമുഖവും കഴിഞ്ഞപ്പോൾ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ, 1997-ൽ പട്ടിക വന്നപ്പോൾ റാങ്ക് 136. നാലുതവണ കാലിക്കറ്റ് സർവകലാശാലയിലും മൂന്നുതവണ കേരള സർവകലാശാലയിലും റാങ്ക് ലിസ്റ്റിൽ വരുകയും ചെയ്തിട്ടുണ്ട്. അന്നത്തെക്കാൾ നന്നായി പരീക്ഷ എഴുതിയതിനാൽ പട്ടികയിൽ പിന്നോട്ടു പോയതിൽ പിഴവുണ്ടെന്ന് വേലായുധൻ ഉറപ്പിച്ചു.
മാർക്ക്‌ലിസ്റ്റിന്റെയും ഉത്തരക്കടലാസിന്റെയും പകർപ്പുകൾ ആവശ്യപ്പെട്ട് സർവകലാശാലാ രജിസ്ട്രാർക്ക് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്വയംഭരണ സ്ഥാപനമായതിനാൽ മാർക്ക് വിവരങ്ങളും ഉത്തരക്കടലാസും തരാനാവില്ലെന്ന് സർവകലാശാല നിലപാടെടുത്തു. കേസ് എട്ടുവർഷത്തോളം നീണ്ടു. റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതോടെ കോടതി നടപടികൾ സ്തംഭിച്ചു.
2005-ൽ വിവരാവകാശ നിയമം നിലവിൽ വന്നതോടെ ആ സൗകര്യം ഉപയോഗപ്പെടുത്തി പകർപ്പുചോദിച്ചു. ഫയൽ കാണാനില്ലെന്ന് പറഞ്ഞ് അപേക്ഷ മടക്കി. മൂന്നു വർഷത്തിനു ശേഷം വീണ്ടും അപേക്ഷ നൽകുകയും സംസ്ഥാന കമ്മിഷണറെ വിഷയത്തിൽ ഇടപെടുവിക്കുകയും ചെയ്തപ്പോൾ, ഒരുമാസത്തിനകം രേഖകൾ കണ്ടെടുത്ത് നൽകാൻ ഉത്തരവ് നേടാനായി.
പകർപ്പ് കിട്ടിയപ്പോൾ, പ്രായോഗിക പരീക്ഷയിലെ വേലായുധന്റെ ഒന്നാംപേപ്പർ മാറ്റുകയും മാർക്ക് കുറഞ്ഞ മറ്റൊരു പേപ്പർ തുന്നിക്കെട്ടിയതുംകണ്ട് ഞെട്ടിയെന്ന് അദ്ദേഹം പറയുന്നു. പരമാവധി 20 മാർക്ക് മാത്രമുള്ള അഭിമുഖത്തിന് ചിലർക്ക് 41 മാർക്കുവരെ നൽകിയിട്ടുണ്ട്. പ്രായോഗികപരീക്ഷയ്ക്ക് പൂജ്യം മാർക്ക് ലഭിച്ചവർക്കും ഇങ്ങനെ അനധികൃത മാർക്ക് നൽകിയിട്ടുണ്ടെന്നുള്ള രേഖയും ലഭിച്ചു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഉന്നത വിദ്യഭ്യാസവകുപ്പിനും കേരള സർവകലാശാലയ്ക്കും പരാതി നൽകിയപ്പോൾ അപാകമുണ്ടായിട്ടില്ലെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്. വിജിലൻസിന് പരാതി നൽകിയെങ്കിലും രണ്ടുവർഷമായി മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗവർണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. നീതിക്കായി വേലായുധൻ ഇപ്പോഴും പോരാട്ടം തുടരുകയാണ്.