ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരി, അടുപ്പുവെട്ട് 10.15ന്

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്ക്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.

അതേ സമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال